KSTF അംഗങ്ങളാവുക......KSTF മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി.2017 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 15 വരെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍.

നവരാത്രി

 navarathri 2010 

വിജയദശമിക്കു പിന്നിലെ ഐതിഹ്യം


അസുരചക്രവര്‍ത്തിയായിരുന്ന മഹിഷാസുരന് ഈരേഴുപതിനാല് ലോകങ്ങളുടെയും ചക്രവര്‍ത്തിയായി വാഴണമെന്ന മോഹമുദിച്ചു. അതിനായുള്ള ശ്രമങ്ങളും ആരംഭിച്ചു. മഹിഷാസുരന്റെ ഈ മോഹവും ശ്രമങ്ങളും സകല ലോകര്‍ക്കും കണ്ണീരും ദുരിതങ്ങളും സമ്മാനിച്ചുതുടങ്ങി.

ദുഷ്ടനും കരുത്തനുമായ മഹിഷാസുരന്റെയും അസുരപ്പടയുടെയും അപ്രതീക്ഷിതമായ ആക്രമണങ്ങള്‍ക്കു മുമ്പില്‍ ജീവിതം ഹോമിക്കാന്‍ വിധിക്കപ്പെട്ടവരായി മാറിക്കഴിഞ്ഞിരുന്നു. ദേവഗണങ്ങള്‍പോലും അസുരചക്രവര്‍ത്തിയെയും അനുയായികളെയും ചെറുത്തുതോല്പിക്കാനാവില്ലെന്ന് പൂര്‍ണ ബോധ്യമായ വേളയില്‍ ദേവന്മാര്‍ ആദിപരാശക്തിക്കു മുമ്പില്‍ സങ്കടമുണര്‍ത്തിച്ചു. സര്‍വലോക രക്ഷാര്‍ഥം ദേവി, അഹങ്കാരിയും ക്രൂരനുമായ മഹിഷാസുരനെ തെറ്റുകളില്‍നിന്ന് പിന്തിരിപ്പിക്കാന്‍തന്നെ തീരുമാനിച്ചു. എന്നാല്‍ തീര്‍ത്തും അത്യാഗ്രഹിയായി മാറിക്കഴിഞ്ഞിരുന്ന മഹിഷാസുരന്‍ ദേവിയുടെ ഉപദേശങ്ങള്‍ ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല, ദേവിയെ വെല്ലുവിളിക്കുകയും ചെയ്തു. കോപിഷ്ഠയായ ദേവി മഹിഷാസുരനിഗ്രഹത്തിനു തുനിഞ്ഞു. പിന്നീട് യുദ്ധത്തില്‍ ഏറ്റവും വലിയ കരുത്തനെന്ന് അഹങ്കരിച്ചിരുന്ന മഹിഷാസുരന്‍ നിഗ്രഹിക്കപ്പെട്ടു. സകലലോകങ്ങളും ദേവിക്കു മുമ്പില്‍ സാഷ്ടാംഗം നമിച്ചു. ഈ വിജയമുഹൂര്‍ത്തത്തിന്റെ സ്മരണയായാണ് വിജയദശമി (നവരാത്രിദിനങ്ങള്‍) ആഘോഷിക്കപ്പെടുന്നത്. തിന്മയ്ക്കു മേല്‍ നന്മയുടെയും അജ്ഞതയ്ക്കുമേല്‍ ജ്ഞാനത്തിന്റെയും ഇരുളിനു മേല്‍ വെളിച്ചത്തിന്റെയും ദുരിതങ്ങള്‍ക്കുമേല്‍ ഐശ്വര്യത്തിന്റെയും വിജയം.
നവരാത്രിവ്രതം ഓരോ മനുഷ്യനും സമ്മാനിക്കുന്നതും മേല്‍പ്പറഞ്ഞ വിജയങ്ങളാണ്.


പൂജവെപ്പ്


പൂജിക്കുന്നതിനായി പുസ്തകങ്ങളും മറ്റും ഭൂരിപക്ഷം പേരും ക്ഷേത്രങ്ങളില്‍ ഏല്പിക്കാറാണ് പതിവ്. പണിയായുധങ്ങള്‍ പണിശാലയില്‍തന്നെ വെച്ച് യഥാവിധി പൂജാവിധികള്‍ അനുഷ്ഠിക്കുന്ന കാഴ്ചകള്‍ വര്‍ണ-നാദ സംയുക്തമായ ഒരാചാരക്രമത്തിന്റെ വിശ്വാസഗോപുരംതന്നെ നമ്മുടെയുള്ളില്‍ കെട്ടിപ്പൊക്കാറുണ്ട്.

അഷ്ടമിസന്ധ്യാവേളയില്‍ വരുന്ന നാളിലാണ് പൂജയ്ക്കു വെക്കേണ്ടത്. അതിനു യോജിച്ച സ്ഥലം നല്ല രീതിയില്‍ വൃത്തിയാക്കി ചാണകം കലക്കി തളിക്കുന്നത് ഉത്തമമാണ്. തുടര്‍ന്ന് ഒരരികില്‍ പലകയോ മറ്റോ വെച്ച് അതിന്മേല്‍ പട്ടുതുണി വിരിക്കാം. ഇങ്ങനെയുണ്ടാക്കുന്ന പീഠത്തിന്മേലാണ് പൂജാചിത്രം (ദേവീദേവന്മാരുടെ) വെക്കേണ്ടത്. പൂജാചിത്രങ്ങള്‍ക്കു തൊട്ട് മറ്റൊരു പട്ടുതുണി വിരിച്ച് അതിലാണ് പുസ്തങ്ങള്‍ വെക്കേണ്ടത്. യഥാവിധി നിലവിളക്ക്, ചന്ദനത്തിരികള്‍ തുടങ്ങിയവകത്തിച്ചുവെച്ചതിനുശേഷം പൂജയും പ്രാര്‍ഥനകളും ആരംഭിക്കുന്നു. ഏവര്‍ക്കും അനുഷ്ഠിക്കാവുന്നതും വളരെ ഫലം നല്‍കുന്നതുമായ പ്രാര്‍ഥനകള്‍ നിലവിലുണ്ട്. അവ ഉപദേശപ്രകാരം അനുഷ്ഠിക്കാവുന്നതാണ്.

വിജയദശമി ദിവസം രാവിലെ യഥാവിധിയുള്ള പ്രാര്‍ഥനാകര്‍മങ്ങള്‍ക്കുശേഷമാണ് ഗ്രന്ഥം സ്വീകരിക്കല്‍ചടങ്ങ്. തുടര്‍ന്ന് അക്ഷരമാല എഴുതിക്കുന്നു. ഹരിശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു എന്ന് ആദ്യവും പിന്നെ അക്ഷരമാലയും.

ദുര്‍ഗാഷ്ടമി

ശരത്കാലത്തെ ആദ്യത്തെ അഷ്ടമി. ദേവി ദുര്‍ഗയായി അവതരിച്ച ദിവസമായതുകൊണ്ടാണ് ഈ ദിവസം ദുര്‍ഗാപൂജ നടത്തുന്നത്. തിന്മയെ ജയിച്ച് നന്മ നേടാന്‍ വേണ്ട ശക്തി ലഭിക്കുന്നതിനുള്ള അനുഷ്ഠാനമായ നവരാത്രിപൂജയിലെ എട്ടാമത്തെ ദിനമാണിത്. ശ്രീരാമന്‍ രാവണനെ നിഗ്രഹിക്കുന്നതിന് ദുര്‍ഗാദേവിയുടെ അനുഗ്രഹം വാങ്ങി യാത്ര തിരിച്ചത് ആ ദിവസം ആയതിനാലാണ് ദുര്‍ഗാഷ്ടമി എന്ന പേരില്‍ ഈ ദിവസം പ്രസിദ്ധമായത് എന്നൊരു ഐതിഹ്യം നിലവിലുണ്ട്.
നവരാത്രികാലത്താണ് ഈ അനുഷ്ഠാനപൂജ നടത്തുന്നത്. ആശ്വിനമാസത്തിലെ പ്രതിപദം മുതല്‍ നവമി (മഹാനവമി) വരെയുള്ള ഒന്‍പത് ദിവസങ്ങളിലാണ് നവരാത്രി ആഘോഷം. പത്താം ദിവസമായ വിജയദശമി ദിനത്തില്‍ രാവിലെ പൂജ തുടങ്ങുകയും കുട്ടികളെ വിദ്യാരംഭത്തിന് ഇരുത്തുകയും ചെയ്യുന്നു. വിദ്യാരംഭത്തിന് വിശേഷദിവസമാണ് വിജയദശമി. ദുര്‍ഗാഷ്ടമി, മഹാനവമി എന്നീ ദിവസങ്ങളില്‍ ഗ്രന്ഥങ്ങളും ആയുധങ്ങളും പൂജവയ്ക്കുകയും സരസ്വതീപൂജയോടനുബന്ധമായി ആയുധപൂജ നടത്തുകയും ചെയ്തുവരുന്നു. മഹിഷാസുരമര്‍ദിനി ആയ ദുര്‍ഗയും വിദ്യാദേവതയായ സരസ്വതിയും (കാളിയും പാര്‍വതിയും) ഒരേ ദേവിയുടെതന്നെ മൂര്‍ത്തിഭേദങ്ങളാണ്.
ഭാരതത്തിലെ മിക്ക പ്രദേശങ്ങളിലും ദുര്‍ഗാഷ്ടമിപൂജ നടത്തിവരുന്നു. ദുര്‍ഗയുടെ രൂപംതന്നെയായ സരസ്വതീദേവിയെയാണ് കേരളത്തില്‍ ആരാധിക്കുന്നത്. കേരളത്തില്‍ ഭൂരിപക്ഷംപേരും പൂജവയ്ക്കുന്നത് ദുര്‍ഗാഷ്ടമി ദിവസത്തിലാണ്.
ഒന്നാം ദിനം മുതല്‍ പ്രത്യേകമായ പൂജയ്ക്ക് രംഗമൊരുക്കുകയും അന്നുതൊട്ട് ഒന്‍പതുദിവസം യഥാവിധിയുള്ള പൂജയും സ്തോത്ര ഗാനാലാപനങ്ങള്‍, സംഗീതാദി കലാപ്രകടനങ്ങള്‍, ബൊമ്മക്കൊലു ഒരുക്കല്‍ തുടങ്ങിയവയും നടത്തുന്നു. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ ഇതിനായി പ്രത്യേകം പണിയിച്ചിട്ടുള്ള നവരാത്രി മണ്ഡപത്തില്‍ സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലം മുതല്‍ നവരാത്രി പൂജയും ഒന്‍പതുദിവസത്തെ സംഗീതപൂജയും സ്ഥിരമായി നടത്തിവരുന്നു. നവരാത്രിപൂജ ആരംഭിക്കുന്ന ദിവസം മുതല്‍ ഓരോ പ്രദേശത്തെയും ജനങ്ങള്‍ ആരാധനാസ്വഭാവമനുസരിച്ച് ഗ്രന്ഥങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ പൂജാപീഠത്തിനു മുന്നില്‍ സമര്‍പ്പിക്കുകയും വിജയദശമി നാളില്‍ അവ തിരിച്ചെടുക്കുകയും ചെയ്യുന്നു. തങ്ങളുടെ വിദ്യയ്ക്കും ജീവിതവൃത്തിക്കും ദേവതാനുഗ്രഹം വാങ്ങുക എന്നതാണ് ഇതിന്റെ പിന്നിലുള്ള സങ്കല്പം. കേരളീയര്‍ കുട്ടികളുടെ വിദ്യാരംഭത്തിന് ഏറ്റവും ശ്രേഷ്ഠമായി തിരഞ്ഞെടുക്കുന്ന ദിവസവും വിജയദശമിയാണ്.
നവരാത്രിപൂജ എന്ന വ്രതം ദുര്‍ഗാദേവിക്കുവേണ്ടിയാണ് അനുഷ്ഠിക്കപ്പെടുന്നത്. ഭാരതത്തില്‍ സാര്‍വത്രികമായി അനുഷ്ഠിക്കപ്പെടുന്നുണ്ടെങ്കിലും ഉത്തര ഭാരതത്തിലാണ് നവരാത്രിപൂജയ്ക്ക് ഏറെ പ്രാധാന്യം നല്കിക്കാണുന്നത്.
ഇതിന്റെ അനുഷ്ഠാനത്തിന് ചില ശാസ്ത്രവിധികളുണ്ട്. ഇതിനോടനുബന്ധമായി കുമാരീപൂജയും പതിവാണ്. കുമാരികളെ മൃഷ്ടാന്നദാനത്തോടും വസ്ത്രാലങ്കാരാദി സത്ക്കാരങ്ങളോടും കൂടി പൂജിക്കുന്നു. എത്ര കുമാരികള്‍ ഇതിനു വേണമെന്നും എപ്രകാരമാവണം പൂജിക്കേണ്ടതെന്നും പൂജ നടത്തുന്നവര്‍ക്കു തീരുമാനിക്കാവുന്നതാണ്. നവകന്യകമാരില്‍ ആരെ വേണെമെങ്കിലും പൂജയ്ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. നവകന്യകമാരില്‍ 2 വയസ്സായവള്‍ കുമാരി, 3 വയസ്സ് എത്തിയവള്‍ ത്രിമൂര്‍ത്തി, 4 വയസ്സുള്ളവള്‍ കല്യാണി, 5 വയസ്സുകാരി രോഹിണി, 6 വയസ്സിലെത്തിയവള്‍ കാളി, 7-ല്‍ ആയവള്‍ ചണ്ഡിക, 8 പൂര്‍ത്തിയായവള്‍ ശാംഭവി, 9-ലെത്തുന്നവള്‍ ദുര്‍ഗ എന്നിവരാണുള്ളത്. എന്നാല്‍ 2 വയസ്സ് തികയാത്ത കുഞ്ഞിനെ പൂജയ്ക്ക് തിരഞ്ഞെടുക്കാന്‍ പാടില്ല എന്നും വിധിയുണ്ട്. നോ: ദുര്‍ഗ

Sanskrit Books संस्कृतग्रन्थाः