KSTF അംഗങ്ങളാവുക......KSTF മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി.2017 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 15 വരെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍.

പഞ്ചതന്ത്രം

പഞ്ചതന്ത്രം കഥകൾ


       
        ജീവിതത്തിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച വിവരങ്ങൾ കഥാരൂപത്തിൽ കുട്ടികളെ പഠിപ്പിക്കുന്നതിനു വേണ്ടി പ്രാചീനകാലത്ത് ഭാരതത്തിൽ വിഷ്ണുശർമ്മാവ് എന്ന പണ്ഡിതൻ രചിച്ച അതിവിശിഷ്ടമായ ഗ്രന്ഥമാണ് പഞ്ചതന്ത്രം.
   ഇതിന്റെ ഉത്ഭവത്തെപ്പറ്റി ആമുഖത്തിൽ തന്നെ ഇങ്ങനെയൊരു പ്രസ്താവന ഉണ്ടത്രേ, “അമരശക്തി എന്ന ചക്രവർത്തിയ്ക്ക് മൂന്നു പുത്രന്മാർ ജനിച്ചു. എന്നാൽ മൂന്നുപേരും ശുദ്ധമഠയന്മാരായിരുന്നു. ചക്രവർത്തി അവരെപ്പറ്റി ഓർത്ത് വളരെയധികം വ്യസനിച്ചു. തന്റെ കാലശേഷം രാജ്യം ഭരിക്കേണ്ട ഇവർ ഇങ്ങനെയായാൽ...... അവരെ നന്നാക്കിയെടുക്കാൻ ഒരു വഴിയും കണ്ടില്ല.
         ഒടുവിൽ നിരാശനായ അമരശക്തി രാജസഭ വിളിച്ചുകൂട്ടി വിവരം ധരിപ്പിച്ചു. സഭാവാസികളിൽ സുമതി എന്നു പേരായ ഒരു വിദ്വാൻ എഴുന്നേറ്റ് നിന്ന് ചക്രവർത്തിയെ ഇപ്രകാരം അറിയിച്ചു. 'കുട്ടികളെ ഓരോ ശാസ്ത്രമായി പഠിപ്പിക്കാൻ നോക്കിയിട്ടു കാര്യമില്ല. അത് നീരസജനകമാണ്. മാത്രമല്ല വളരെ കാലം വേണ്ടി വരുകയും ചെയ്യും. എല്ലാം കൂട്ടിക്കുഴച്ച് പലഹാരരൂപത്തിൽ കുറേശെയായി പകർന്നു കൊടുത്താൽ അതാണ് ഉത്തമം. അതിന് പ്രാപ്തനായ ഒരാൾ നമ്മുടെ രാജ്യത്തു തന്നെയുണ്ട്. സർവ്വശാസ്ത്രവിശാരദനും സഹൃദയാഗ്രേസരനും ശിശുലാളനാവിദഗ്ദ്ധനുമായ ഒരു ആചാര്യൻ. വിഷ്ണുശർമ്മൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹം ചക്രവർത്തികുമാരന്മാരെ വിദ്വാന്മാരാക്കിത്തീർക്കുമെന്നതിൽ എനിക്ക് ഒരു സംശയവുമില്ല.'
       ഇതു കേട്ടയുടനേ രാജാവ് വിഷ്ണുശർമ്മനെ ആളയച്ചു വരുത്തി. വസ്തുതകളൊക്കെ വഴിപോലെ ധരിപ്പിച്ചു. ശിഷ്യന്മാരുടെ സ്വഭാവവും പിതാവിന്റെ ആഗ്രഹവും വിശദമായി ഗ്രഹിച്ച ശേഷം വിഷ്ണുശർമ്മാവ് അവരെ കൈയ്യേറ്റു. ആറുമാസം കൊണ്ട് അദ്ദേഹം അനേകം കഥകൾ പറഞ്ഞ് കുട്ടികളെ രാജ്യതന്ത്രം പഠിപ്പിച്ചു. ആ കഥാ സമാഹാരമാണ് പഞ്ചതന്ത്രം"
       പഞ്ചതന്ത്രത്തിൽ അഞ്ചു ഭാഗങ്ങൾ അഥവാ അഞ്ചു തന്ത്രങ്ങൾ ഉൾപ്പെടുന്നു. ഓരോ തന്ത്രത്തിലും രാഷ്ട്രീയ തത്വങ്ങൾ അടങ്ങിയ അനേകം കഥകൾ വീതം ഉണ്ട്. ഓരോ കഥയിലും പദ്യങ്ങളും ഗദ്യങ്ങളും കാണാം.
    മിത്രഭേദം എന്നാണ് ഒന്നാമത്തെ തന്ത്രത്തിന്റെ പേര്. മിത്രഭേദത്തിൽ ഉള്ള കഥകളിൽ കൂടി ഭിന്നിപ്പിച്ചു ഭരിയ്ക്കുക (Divide and Rule) എന്ന രാഷ്ട്രീയതത്ത്വം പ്രകടമാക്കിയിരിക്കുന്നു. ഇതിലെ കഥാപാത്രങ്ങൾ കരടകൻ എന്നും ദമനകൻ എന്നും പേരായ രണ്ടു കുറുക്കന്മാരാണ്. വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഒരു സിംഹത്തെയും കാളയെയും തമ്മിൽ പലവിധ ഏഷണികൾ പറഞ്ഞു ഭിന്നിപ്പിച്ച് കുറുക്കന്മാർ സ്വയം ആനന്ദിച്ചു കാര്യം നേടുന്ന കഥകളാണ് മിത്രഭേദത്തിലെ പ്രതിപാദ്യം.
   മിത്രലാഭം ആണ് രണ്ടാമത്തെ തന്ത്രം. ശരിയായി വിവേചിച്ചറിഞ്ഞ ശേഷമേ അന്യരെ മിത്രങ്ങളാക്കാൻ പാടുള്ളൂ എന്ന തത്ത്വമാണ് ഈ തന്ത്രത്തിലെ പ്രതിപാദ്യം. ഈ തന്ത്രം വിശദമാക്കുന്നതിന് കഥാപാത്രങ്ങളായി അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത് ആമ, മാൻ, കാക്ക, എലി എന്നീ നാലു ജീവികളെയാണ്.
   കാകോലൂകീയം ആണ് മൂന്നാമത്തെ തന്ത്രം. പ്രകൃത്യാ ശത്രുക്കളായിരിക്കുന്നവർ മിത്രങ്ങളായിത്തീർന്നാലുള്ള ദൂഷ്യവശങ്ങളാണ് ഈ തന്ത്രത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. ഇതിലെ പ്രധാന കഥാപാത്രങ്ങൾ കാക്കയും മൂങ്ങയുമാണ്.
ലബ്ധപ്രണാംശം എന്നതാണ് നാലാമത്തെ തന്ത്രം. കൈയ്യിൽ കിട്ടിയത് നഷ്ടപ്പെടുന്നവിധം ഇതിൽ വിശദമാക്കുന്നു. ഒരു കുരങ്ങനും ഒരു ചീങ്കണ്ണിയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.
       അപരീക്ഷിതകാരിതം എന്ന അഞ്ചാമത്തെ തന്ത്രത്തിൽ, ഒരു കാര്യം ചെയ്യുമ്പോൾ അതിന്റെ എല്ലാ വശങ്ങളും ചിന്തിക്കാത്തതു കൊണ്ടുള്ള ദോഷവശങ്ങളെ പറ്റി പറയുന്നു.

ഡക്കാൺ പ്രദേശത്തുള്ള മഹിളാരോപ്യം എന്ന രാജ്യത്തിന്റെ ഭരണാധിപനായിരുന്നു അമരശക്തിയെന്ന് പലയിടത്തും പറഞ്ഞു കാണുന്നു. കാലഗണനയും തർജ്ജമാ കാലങ്ങളും ഒക്കെ വച്ചു നോക്കുമ്പോൽ ക്രിസ്തുവിനു മുൻപ് മൂന്നാം നൂറ്റാണ്ടിലായിരിക്കണം ഇതിന്റെ രചന എന്ന് അനുമാനിക്കാം.
ഇന്ന് പഞ്ചതന്ത്രത്തിന്റെ രണ്ട് രൂപങ്ങൾ പ്രചാരത്തിലുണ്ട്. ഒന്നാമത്തേത് കാശ്മീരിൽ പ്രചാരത്തിലുള്ള തന്ത്രാഖ്യായിക എന്ന രൂപം. രണ്ടാമത്തേത് ബൃഹൽ കഥാമഞ്ജരിയിലും കഥാസരിത്സാഗരത്തിലും കാണപ്പെടുന്ന രൂപമാണ്. ഇതിന്റെ സംസ്കൃത മൂലരചന ഇന്ന് ലഭ്യമല്ല.
    കാലദേശ വ്യത്യാസമനുസരിച്ച് കഥാപാത്രങ്ങൾക്കും മറ്റും വ്യത്യസ്തതയുണ്ട്

Sanskrit Books संस्कृतग्रन्थाः