മലയാളത്തിന്റെ
വിഷു
മലയാളത്തിന്റെ തിരുമുറ്റത്ത് ഒരു
വിഷു കൂടി. കണിയൊരുക്കിയും കൈനീട്ടം നൽകിയും മലയാളികൾ ഇന്ന് വിഷു
ആഘോഷിക്കുന്നു. വിളഞ്ഞ കണി വെള്ളരിയും നിറമേഴും വർണ്ണത്തുകിൽ ചാർത്തി
നിൽക്കുന്ന ഉണ്ണിക്കണ്ണനേയും കൺമുന്നിൽ കണ്ട് മലയാളികൾ പുതുവർഷത്തിലേക്കു
കടക്കുമ്പോൾ കേരളത്തിന്റെ മാഞ്ഞു പോകുന്ന കാർഷിക സംസ്ക്കാരത്തിന്‍റെ
ഓർമ്മപ്പെടുത്തൽ കൂടിയാണ് വിഷു.
മീനം രാശിയില്‍ നിന്ന്
സൂര്യന്‍ മേടം രാശിയിലേക്ക് സഞ്ചാരപഥം മാറ്റുന്ന ദിനം സൂര്യന്റെ മറ്റൊരു
ദക്ഷിണായനത്തിന് തുടക്കം കുറിക്കുന്നു. ക്ഷേമത്തിന്റെയും
ഐശ്വര്യത്തിന്റെയും കൊന്നകളാണ് ഇന്ന് മലയാളികളുടെ മനസില്‍ പൂത്തുലയുന്നത്.
മലയാളിയുടെ
ഭാഷയും, വേഷവുമൊക്കെ മാറ്റങ്ങൾക്കുവേണ്ടി മാറിക്കൊണ്ടിരിക്കുമ്പോൾ മാറാതെ
നിൽക്കുന്നത് ഇത്തരം ചില ആഘോഷങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള
ഒത്തുചേരലുകളുമാണ്. വേനലവധിക്കാലത്ത് കുട്ടികളുമൊത്ത് കുടുംബവീട്ടിലെ
ഒത്തുചേരലുകൾ ചെറുതും വലുതുമായ "ഗെറ്റ് ടുഗതറുകൾക്ക്" വഴിമാറിയെങ്കിലും,
കൂട്ടായ്മയുടെ ഉത്സവം തന്നെയാണ് ഇന്നും വിഷു.
എല്ലാ
ആഘോഷങ്ങളേയും പോലെ വിഷുവിനും വാണിജ്യമൂല്യമേറുകയാണ് കേരളക്കരയിൽ. വാടാത്ത
പ്ലാസ്റ്റിക് കൊന്നപ്പൂവിനും, വിഷം വിതറിപ്പഴുപ്പിച്ച മാമ്പഴവും, അയൽ
സംസ്ഥാനക്കാരൻ സമ്മാനിക്കുന്ന പടക്കവുമൊക്കെയായി ഈ വിഷുവും കടന്നു
പോകുന്പോൾ വാടുന്നത് തനിമ നിറഞ്ഞ ഒരാഘോഷകാലമാണ്. വാത്സല്യവും സ്നേഹവും
നിറച്ച് കൈവെള്ളയിൽ നിറയുന്ന വിഷുക്കൈനീട്ടത്തെക്കാൾ ഇന്ന് കുട്ടികൾക്കു
പ്രിയം വാട്സപ്പിലെയും, ഫേസ്ബുക്കിലെയും വിഷു ആശംസകളാണ്.
കൃഷ്ണവിഗ്രഹവും
കണിക്കൊന്നയും കളിവെള്ളരിയും വാല്‍ക്കണ്ണാടിയും ഗ്രന്ഥക്കെട്ടും പഴങ്ങളും
പൊന്നും കോടിമുണ്ടും നാളികേരവുമെല്ലാമായി ഒരുക്കിയ വിഷുക്കണി കണ്ട്
ഐശ്വര്യത്തിന്റെ നല്ല നാളുകളിലേക്ക് ശുഭപ്രതീക്ഷയോടെ കാല്‍വെക്കുന്ന എല്ലാ
മലയാളികൾക്കും കേരള സംസ്കൃത അദ്ധ്യാപക ഫെഡറേഷന്റെ വിഷു ആശംസകൾ