അന്തര്‍ ദേശീയ യോഗ ദിനത്തോട് അനുബന്ധിച്ച് കേരളത്തില്‍ പ്രകാശനം ചെയ്ത അമൂല്യ ഗ്രന്ഥം
സമസ്ത ലോകം സമഗ്ര യോഗം
യോഗാചാര്യൻ ടി മനോജ് രചിച്ച് ബുദ്ധ ബുക്സ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിൽ യോഗയെ സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു. പഠനം പരിശീലനം എന്നിങ്ങനെ രണ്ട് ഭാഗങ്ങളുള്ള ഈ പുസ്തകം യോഗപരിശീലനം ആഗ്രഹിക്കുന്ന ഏവര്‍ക്കും ഉപകാരപ്രദമാണ്
ജഗദ്ഗുരുവായ
ഭാരതം ലോകത്തിന് നല്‍കിയിട്ടുള്ള അമൂല്യമായ സംഭാവനകളില്‍ ഏറ്റവും
ശ്രേഷ്ഠമായ ഒന്നാണ് ‘യോഗ’. വിപുലമായ ആശയപ്രപഞ്ചമാണ് യോഗ എന്ന വാക്കുകൊണ്ട്
വിവക്ഷിക്കപ്പെടുന്നത്. കൂടിച്ചേരല്‍ എന്നാണ് കൃത്യമായ അര്‍ത്ഥം.
ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഐക്യം പ്രാപിക്കലാണ് ഉദ്ദേശിക്കുന്നത്.
സമസ്ത ലോകം സമഗ്ര യോഗം
e-mail buddhabooks.ank@gmail.com
Phone- 9446482215
|
‘യോഗ’ എന്നുപറഞ്ഞാല്‍ പൊതുവെ ഇന്ന് ആളുകള്‍ ധരിക്കുന്നത് ഈ വിപുലമായ അര്‍ത്ഥത്തിലല്ല. ആദ്യമേ മനസ്സില്‍ തെളിയുന്ന ചിത്രം യോഗാസനങ്ങളുടേതാണ്. പക്ഷെ അത് പ്രാഥമികമായ അര്‍ത്ഥത്തില്‍ മാത്രമാണ് ശരിയാകുന്നത്.യോഗാസനങ്ങള്‍ രാജയോഗത്തിന്റെ ഭാഗമാണ്.രാജയോഗം, അഷ്ടാംഗയോഗം എന്ന അപരനാമത്താലും അറിയപ്പെട്ടുവരുന്നു.
പതഞ്ജലി മഹര്‍ഷിയാണ് അതിന്റെ ആചാര്യന്‍. അതുകൊണ്ട് അതിനെ ‘പാതഞ്ജലയോഗം’ എന്നും വിളിക്കാറുണ്ട്. പതഞ്ജലി മഹര്‍ഷി ആരാണെന്നോ,എന്ന്,എവിടെ ജീവിച്ചിരുന്നുവെന്നോ കൃത്യമായ അറിവില്ല.യോഗി,വൈദ്യന്‍,വൈയ്യാകരണന്‍ എന്നീ മൂന്നുനിലകളില്‍ പതഞ്ജലി അറിയപ്പെടുന്നുണ്ട്. മൂന്നും ഒരാളാണോ മൂന്നാളാണോ എന്ന കാര്യത്തിലും പക്ഷാന്തരമുണ്ട്.രാജയോഗം അഥവാ പാതഞ്ജലയോഗം പതഞ്ജലിമഹര്‍ഷിയുടെ സംഭാവനയാണ്.അത് അദ്ദേഹം സൃഷ്ടിച്ചതാണ് എന്നര്‍ത്ഥമില്ല.
അനാദികാലം മുതലേ പ്രചരിച്ചുപോന്ന രാജയോഗ സമ്പ്രദായത്തെ ക്രോഡീകരിച്ച്, ശാസ്ത്രീയമായി ചിട്ടപ്പെടുത്തി അതിനെ ‘സൂത്ര’രീതിയില്‍ ഭാവിതലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കുക എന്ന ശ്രേഷ്ഠവും ദുഷ്‌ക്കരവുമായ കൃത്യമാണ് അദ്ദേഹം നിര്‍വ്വഹിച്ചത്. യോഗമാര്‍ഗ്ഗത്തില്‍ പതഞ്ജലിയുടെ യോഗസൂത്രത്തെ കവച്ചുവയ്ക്കത്തക്ക മറ്റൊരു പ്രമാണഗ്രന്ഥം ഇന്നോളം ഉണ്ടായിട്ടില്ല. പിന്നീടുവന്ന യോഗാമാര്‍ഗാചാര്യന്മാരെല്ലാം യോഗസൂത്രത്തിന് ഭാഷ്യം ചമയ്ക്കുകയും ആ മാര്‍ഗം കുടുതല്‍ പ്രശസ്തമാക്കുകയും ചെയ്തവരാണ്. സ്വാമിവിവേകാനന്ദനും ചെയ്തത് അതുതന്നെയാണ്.
യമം,നിയമം,ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് അഷ്ടാംഗയോഗത്തിന്റെ എട്ടുപടികള്‍.യമവും നിയമവും ഏതുമാര്‍ഗത്തില്‍ ചരിക്കുന്ന സാധകന്മാര്‍ക്കും ഒരുപോലെ അനിവാര്യമാണ്.പിന്നീടങ്ങോട്ടുള്ള ആറും രാജയോഗത്തില്‍ പ്രത്യേകം പ്രസക്തമാണ്.മറ്റുയോഗങ്ങളില്‍ ഇവയ്ക്ക് പ്രസക്തിയില്ല എന്നര്‍ത്ഥമില്ല. അനിവാര്യമല്ല എന്നേ അര്‍ത്ഥമുള്ളൂ. രാജയോഗത്തില്‍ ഇവ അനിവാര്യമാണ്. ഇന്ന് സാധാരണഗതിയില്‍ യോഗപരിശീലനം എന്നുപറയുമ്പോള്‍ ഉദ്ദേശിക്കുന്നത് യോഗാസനം, പ്രാണായാമം എന്നിവയും ധ്യാനത്തിന്റെ പ്രാഥമികതലവുമാണ്. ബാക്കിയെല്ലാം ആവശ്യം ഉള്ളവര്‍ക്ക് യഥായോഗ്യം ഗ്രഹിക്കാവുന്നതും ശീലിക്കാവുന്നതുമാണ്.പ്രാണായാമത്തോടുകൂടിയ യോഗാസനമാണ് ഇന്ന് പൊതുവെ പ്രചാരത്തിലുള്ള യോഗപരിശീലനം.അതുകൊണ്ടെല്ലാമായി എന്നുധരിച്ച് വശാകുന്നവര്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നില്ല.
യമനിയമങ്ങള്‍ ശീലിച്ച് യോഗാസനവും പ്രാണായാമവും അഭ്യസിച്ച് ധ്യാനമാര്‍ഗത്തിലേക്ക് ഉയരാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും ഭൗതികവും ആത്മീയവുമായ അഭിവൃദ്ധിയുടെ പാതയില്‍ക്കൂടിയാണ് നീങ്ങുന്നത്. യോഗവും പ്രാണായാമവും പ്രാഥമിക തലങ്ങളാണെങ്കിലും അവയുടെ ശരിയായ അഭ്യാസംകൊണ്ടുതന്നെ ശാരീരികവും മാനസികവുമായ വികാസവും വളര്‍ച്ചയും ഉണ്ടാകുന്നു. മനുഷ്യന്റെ സമഗ്രവും സര്‍വ്വതോമുഖവുമായ വളര്‍ച്ചയ്ക്ക് അത് ഭദ്രമായ അടിത്തറപാകുന്നു.
മനുഷ്യന്‍ അഞ്ചുകോശങ്ങളുടെ സംഘാതമാണ്-ചേരുവയാണ്. അവ യഥാക്രമം അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നിവയാണ്. ഇവയുടെ സമന്വിതമായ വികാസമാണ് മനുഷ്യന്റെ പൂര്‍ണവികാസം.ഇവയിലോരോന്നും വികാസം പ്രാപിക്കുന്നതോടൊപ്പം എല്ലാറ്റിന്റേയും വികാസം ഒത്തിണങ്ങിപ്പോവുകയും വേണം. വികാസത്തില്‍ സന്തുലനം ആവശ്യമാണെന്നര്‍ത്ഥം.
ഏകപക്ഷീയമായ വികാസം പലപ്പോഴും വിനാശകരമായി ഭവിക്കും.അങ്ങനെ സംഭവിക്കാതെ പൂര്‍ണവും സമന്വിതവുമായ വികാസത്തെയാണ് യോഗ ലക്ഷ്യമാക്കുന്നത്.ശാസ്ത്രീയമായ യോഗപരിശീലനം ആ ലക്ഷ്യത്തിലേയ്ക്ക് നയിക്കും. ഈ വീക്ഷണം ഏകാംഗീണമല്ല, സര്‍വ്വാംഗീണമാണ്. മനുഷ്യനെ അവന്റെ സമഗ്രതയില്‍ കാണുന്നതും വളര്‍ത്തിയെടുക്കുന്നതും ആണ് യോഗ. അതുകൊണ്ടുതന്നെ ഏകാത്മകമായ സമീപനമാണ് സ്വീകരിക്കുന്നത്.പഞ്ചകോശങ്ങള്‍ തമ്മിലുള്ള അഭിന്നവും അവിച്ഛിന്നവുമായ പരസ്പരബന്ധത്തെ കണക്കിലെടുക്കുന്ന ശാസ്ത്രീയരീതിയാണ് യോഗപരിശീലനത്തില്‍ അവലംബിക്കുന്നത്.അത് ശരീരത്തെ ദൃഢപ്പെടുത്തുന്നു.വികാരങ്ങളെ ക്രമപ്പെടുത്തുന്നു.മനസ്സിനെ സന്തുലിതമാക്കുന്നു. ബുദ്ധിയെ ഏകാഗ്രമാക്കുന്നു ആത്മാവിനെ വെളിപ്പെടുത്തുന്നു.
യോഗ ഒരു പൂര്‍ണശാസ്ത്രം ആയിരിക്കുന്നതുപോലെതന്നെ ഒരു പൂര്‍ണജീവിത പദ്ധതിയുമാണ്. നിത്യവും നിരന്തരവുമായ അഭ്യാസക്രമം എന്നനിലയ്ക്ക് അത് ജീവിതത്തിന്റെ ശൈലിയും ഭാഗവുമായി മാറുന്നു. ബാല്യംമുതല്‍ വാര്‍ദ്ധക്യംവരെ ആര്‍ക്കും അനുഷ്ഠിക്കാവുന്ന പദ്ധതിയാണ് യോഗ.പ്രായഭേദമനുസരിച്ച് അഭ്യാസക്രമത്തിലും അനുഷ്ഠാനത്തിന്റെ ഏറ്റക്കുറച്ചിലിലും ചിട്ടപ്പെടുത്തലുകള്‍ വേണ്ടിവരും. പക്ഷെ ഒരുകാലത്തും ഒരുപ്രായത്തിലും യോഗ വര്‍ജ്ജ്യമാകുന്നില്ല.ആയുര്‍ദൈര്‍ഘ്യത്തിനും വികാരോദ്വേഗങ്ങളുടെ ക്രമീകരണത്തിനും മനസ്സിന്റേയും ബുദ്ധിയുടേയും തെളിമയ്ക്കും തേജസ്സിനും ആത്മപ്രകാശത്തിനും ഏതുപ്രായത്തിലും യോഗ വിശ്വസ്തനായ സുഹൃത്തും വഴികാട്ടിയുമാണ്.
വിദ്യാഭ്യാസത്തിലൂടെ നാം ആര്‍ജ്ജിക്കുന്ന മിക്ക അറിവുകളും പ്രായോഗികജീവിതത്തിലേക്ക് കടക്കുമ്പോള്‍ അപ്രസക്തമായിതീരുന്നതായിട്ടാണ് അനുഭവം. പഠിക്കുന്നതേറെയും ജീവിതത്തില്‍ പ്രയോജനപ്പെടാതെ പോകുന്നു. പഠിപ്പും ജീവിതവും പലപ്പോഴും രണ്ടുവഴിക്കാണ് നീങ്ങുന്നത്.യോഗത്തെ സംബന്ധിച്ചിടത്തോളം ഈ പൊരുത്തക്കേട് ഒരിക്കലും സംഭവിക്കുന്നില്ല. ജീവിതത്തിന്റെ ഏതുതുറയില്‍ പ്രവേശിക്കുന്നയാള്‍ക്കും യോഗം സഹായിയാണ്. അതത് രംഗങ്ങളില്‍ കര്‍മ്മകുശലതയും ഉന്മേഷവും ജീവിതവിജയവും ഉറപ്പുതരുന്നു. മാത്രമല്ല, ഉത്സാഹത്തോടും വിശ്വാസത്തോടും യോഗമാര്‍ഗം പിന്‍തുടര്‍ന്നാല്‍ ജീവിതത്തിന്റെ പരമലക്ഷ്യമായ ദുഃഖനിവൃത്തിയും മോക്ഷപ്രാപ്തിയും അതുകൊണ്ടുതന്നെ കൈവരുന്നു.
യോഗ പരിശീലനംവഴി കൈവരുന്ന ഗുണങ്ങള്‍ വ്യക്തിക്കുമാത്രമല്ല സമൂഹത്തിനും അനുഭവപ്പെടുന്നു.
സ്വാര്‍ത്ഥതയുടെ വലയം ഭേദിച്ച് സമൂഹത്തോളം വളരുവാനും സമൂഹനന്മയെപ്പറ്റി ചിന്തിക്കാനും യോഗം പഠിപ്പിക്കുന്നു. കേവലം സ്വാര്‍ത്ഥമതികളായ വ്യക്തികള്‍ സമൂഹത്തെ ചൂഷണംചെയ്യുകയും ചുറ്റുമുള്ളവര്‍ക്ക് ശാപമായിത്തീരുകയും ചെയ്യുന്നു.യോഗശിക്ഷണത്തിലൂടെ മനോവികാസം ലഭിച്ച വ്യക്തികള്‍ സമാജത്തിന് അനുഗ്രഹമായിത്തീരുന്നു.യോഗം കേവലം വ്യക്തിലാഭത്തിനുവേണ്ടിയല്ല സമാജസേവനത്തിനുള്ള ഉപാധിയായിത്തീരുന്നു.സമാജഹിതത്തില്‍ സ്വന്തം ഹിതത്തെ ലയിപ്പിച്ചുചേര്‍ക്കുന്ന ലയയോഗം തന്നെയാണ് ശരിയായ അര്‍ത്ഥത്തില്‍ അത്. ആത്യന്തികമായി അത് ഈശ്വര സാക്ഷാത്കാരത്തിലേക്കു നയിക്കും.
യോഗ ചെയ്യുമ്പോള്‍ ഒരു താളക്രമം വേണം. നമ്മുടെ ശ്വാസവും ഇതേ താളക്രമത്തിലായിരിക്കണം. ശ്വാസം മൂലാധാരത്തിന്റെ പിറക് വശത്തില്‍ക്കൂടി ആരംഭിച്ച് മുകളിലോട്ട് സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ അവസാനം സഹസ്രാരപത്മവും കഴിഞ്ഞ് ക്രമത്തില്‍ മുന്‍ഭാഗത്തുകൂടി പടിപടിയായി താഴ്ന്നുവന്ന് മൂലാധാരത്തില്‍ തന്നെ അവസാനിക്കണം. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ ഇഡനാഡിയില്‍ക്കൂടി ശ്വാസമെടുത്ത് പിംഗളനാഡിയില്‍ക്കൂടി ഉഛ്വസിക്കണം.
ഇത് മുകളില്‍ പറഞ്ഞ താളക്രമത്തില്‍ ആകുമ്പോള്‍ ധ്യാനം ആകുന്നു. ഇങ്ങനെ ശ്വസിക്കുമ്പോള്‍ ഈ രണ്ട് നാഡിയുടെയും നടുവിലായി സ്ഥിതിചെയ്യുന്ന സുഷുമ്‌ന നാഡിയുണ്ട്. ഈ നാഡിയുടെ ഏറ്റവും താഴെയായി വെള്ളരിയുടെ വള്ളിപോലെ അല്ലെങ്കില്‍ നാഗത്തെപോലെ ചുരുണ്ടുകൂടി ഉറങ്ങുന്ന കുണ്ഢലിനീ ശക്തിയുണ്ട്. ഇത്തരത്തില്‍ ശ്വാസമെടുക്കുമ്പോള്‍ സഹസ്രാര പത്മത്തില്‍ അമൃത് പൊഴിയുമെന്നാണ് പറയുന്നത്. സഹസ്രാരപത്മത്തില്‍ അനുഭവപ്പെടുന്ന ഈ അമൃതപ്രവാഹം അനുഭവിക്കാനായി സുഷുമ്‌നയുടെ ഏറ്റവും താഴെയായി നിദ്രകൊള്ളുന്ന കുണ്ഢലിനീ ശക്തി മെല്ലെ പത്തിവിടര്‍ത്തി മുകളിലോട്ട് കയറും. ഇത് ലക്ഷത്തില്‍ ഒരാള്‍ക്കോ മറ്റോ മുഴുവനായി അനുഭവപ്പെടുകയുള്ളൂ. ഈ കുണ്ഡലിനീ ശക്തി ഓരോ സ്ഥലത്ത് എത്തുമ്പോള്‍ നമുക്ക് വ്യത്യസ്തമായ അനുഭൂതികള്‍ ഉണ്ടാവും എന്നാണ് പറയുന്നത്. ഇതിലൂടെ ലോകത്തില്‍ നടക്കുന്ന സകല കാര്യങ്ങളും അറിവും നിഷ്പ്രയാസം കരഗതമാകും.
വളരെ ചിട്ടയോടുകൂടി നടത്തുന്ന തികച്ചും ലളിതമായ ഒരു വ്യായാമമുറ മാത്രമാണ് യോഗ. പിന്നെ ചില ആചാര്യന്മാര്‍ ഇതിന്റെ തുടക്കത്തില്‍ ഓം എന്ന് തുടങ്ങി ഒരു ശ്ലോകം ചൊല്ലി ലോകത്തിലെ സമസ്ത ജീവജാലങ്ങള്‍ക്കും സൗഖ്യം വരേണമേ എന്ന് പ്രാര്‍ത്ഥിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. നേരത്തെ പറഞ്ഞ താളക്രമത്തില്‍ ശ്വാസോഛ്വാസം ചെയ്താല്‍ മാത്രം തന്നെ ഒരു പ്രത്യേകതരം അനുഭൂതി ലഭിക്കും.
സംഘര്‍ഷഭരിതമായ ലോകം,മാനസിക സംഘര്‍ഷം നിറഞ്ഞ
അനാരോഗ്യകരമായ ജീവിതം. ഇതാണ് സര്‍വ്വരും അഭിമുഖീകരിക്കുന്ന പ്രശ്‌നം.
കൃത്യവും നിരന്തരവുമായ യോഗയിലൂടെ മനസിനും ശരീരത്തിനും സ്വസ്ഥത
കൈവരും.സംഘര്‍ഷമകലും, അമിതഭക്ഷണം കുറയും. ആരോഗ്യം മെച്ചപ്പെടും. ശാന്തത
ലഭിക്കും. ഇത് നമ്മുടെ നിത്യജീവിതത്തിലും ഗുണം ചെയ്യും. ജോലിയിലും
ജീവിതത്തിലും ഏകാഗ്രത ലഭിക്കും. വ്യക്തികളില്‍ വരുന്ന മാറ്റം സമൂഹത്തിലും
പ്രതിഫലിക്കും. അനാവശ്യമായ സാമൂഹ്യസംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും ഒഴിവാകും.
ഇത് മാനുഷിക ബന്ധങ്ങളും മെച്ചപ്പെടുത്തും.
പലരിലുമുള്ള കുറ്റവാസന കുറയ്ക്കും.അടക്കവും ശാന്തതയും കൈവരുമ്പോള്‍ അക്രമം കുറയും. അക്രമംചെയ്യാനുള്ള പ്രേരണ അകലുമ്പോള്‍, അമിതമായ ദേഷ്യംകുറയുമ്പോള്‍ പകയുടെയും അക്രമത്തിന്റെയും പാത പലരും കൈവെടിയും.ശാരീരിക, മാനസികാരോഗ്യം പ്രാപ്യമാകുന്നതോടെ സമൂഹത്തിലെ കുറ്റകൃത്യങ്ങളും, രോഗങ്ങളും (പ്രത്യേകിച്ച് ജീവിത ശൈലി രോഗങ്ങളും അമിതഭക്ഷണംകൊണ്ടുള്ള രോഗങ്ങളും) കുറയും.
ഇത് മാനുഷിക ബന്ധങ്ങളും മെച്ചപ്പെടുത്തും.
പലരിലുമുള്ള കുറ്റവാസന കുറയ്ക്കും.അടക്കവും ശാന്തതയും കൈവരുമ്പോള്‍ അക്രമം കുറയും. അക്രമംചെയ്യാനുള്ള പ്രേരണ അകലുമ്പോള്‍, അമിതമായ ദേഷ്യംകുറയുമ്പോള്‍ പകയുടെയും അക്രമത്തിന്റെയും പാത പലരും കൈവെടിയും.ശാരീരിക, മാനസികാരോഗ്യം പ്രാപ്യമാകുന്നതോടെ സമൂഹത്തിലെ കുറ്റകൃത്യങ്ങളും, രോഗങ്ങളും (പ്രത്യേകിച്ച് ജീവിത ശൈലി രോഗങ്ങളും അമിതഭക്ഷണംകൊണ്ടുള്ള രോഗങ്ങളും) കുറയും.
ആത്മസ്വരൂപമായി ജീവിതം നയിക്കുവാന്‍ ചിട്ടയായ യോഗ പരിശീലനവും വളരെ ആഴത്തിലും തടസ്സരഹിതവുമായ ധ്യാനവും നിങ്ങളെ സഹായിക്കും. ധ്യാനത്തിന്റെ ആദ്യഘട്ടം കടന്നു നിങ്ങള്‍ ആഴത്തിലേക്കുപോകുമ്പോള്‍ പെട്ടെന്ന് ഒരു ചിന്തയോ മനസിലെ മുദ്രണങ്ങളോ ഉയര്‍ന്നുവന്നാല്‍ മനസ് ധ്യാനത്തില്‍നിന്നു പുറത്താവുന്നു. അപ്പോള്‍ ധ്യാനത്തിന്റെ ആഴവും സുഖവും നഷ്ടപ്പെട്ടുപോകുന്നു. വീണ്ടും വീണ്ടും നിങ്ങള്‍ ധ്യാനം ശീലിക്കുമ്പോള്‍ നിങ്ങളുടെ സ്വഭാവംപോലും മാറിപ്പോകുന്നത് കാണാന്‍ കഴിയും. നിങ്ങളില്‍ ധ്യാനം ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നവരുണ്ടെങ്കില്‍ മുന്നോട്ടുപോകുന്തോറും നിങ്ങളില്‍ അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു ശരിയായി മനസ്സിലാകും.
ധ്യാനത്തിന് അതിന്റേതായ വളവും തിരിവും ആഴവുമുണ്ട്. ധ്യാനം ഒരു പ്രക്രിയയാണ്. ലക്ഷ്യത്തിലെത്തും വരെ അത് നിര്‍ത്തരുത്. എന്താണ് ലക്ഷ്യം? അകവും പുറവും തമ്മില്‍ ഒരു വ്യത്യാസവും അനുഭവപ്പെടാത്ത അവസ്ഥയാണ് ലക്ഷ്യം. അപ്പോള്‍ നിങ്ങള്‍ സ്‌നേഹത്തിന്റെയും അവബോധത്തിന്റെയും ഉത്സാഹത്തിന്റെയും ആനന്ദത്തിന്റെയും ധാരയായി മാറിയിരിക്കും. ദ്വൈതഭാവം ഉണ്ടാവുകയില്ല. ഉള്ളിലും പുറത്തും ഒരേ ‘നിങ്ങള്‍’ തന്നെ ആയിരിക്കും. ചിന്തകളോ വികാരങ്ങളോ ശരീരമോ അല്ല, ശാന്തിയും ആനന്ദവുമാണ് ‘നിങ്ങള്‍’ എന്ന് തിരിച്ചറിയും.
മനോവൃത്തികള്‍ അജ്ഞാനത്തില്‍ ഉറച്ച് സുഷുപ്തിയിലായിരിക്കുമ്പോള്‍ ഭൂതോദയമൊന്നും സംഭവിക്കില്ല. നിര്‍വികല്‍പസമാധിയില്‍, അദ്വൈത ബ്രഹ്മത്തെക്കുറിച്ച് ജ്ഞാനം ലഭിക്കുന്നു. ബ്രഹ്മാകാരവൃത്തി ബ്രഹ്മത്തില്‍ ലയിക്കുന്നു. ഉറക്കം ധ്യാനത്തിനു സമമായ സ്ഥിതിയാണ്. ഉറക്കത്തിലും ദൈവതഭാവമില്ല. പക്ഷെ അവബോധം ഉണ്ടായിരിക്കില്ല. ഉറക്കത്തില്‍ നാം ഒന്നുമറിയുന്നില്ല. എങ്കിലും ഉണരുമ്പോള്‍ സുഖം തോന്നുന്നു. ബോധപൂര്‍വം ധ്യാനം ചെയ്തു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ പുതുമയും ശാന്തിയും സന്തോഷവും വിശ്രാന്തിയും ലഭിക്കും. സമാധിയില്‍ ലഭ്യമാകുന്ന അവസ്ഥയുടെ സ്വാസ്ഥ്യത്തിന്റെ കുറെ അംശമെങ്കിലും ഉറക്കത്തില്‍ ലഭ്യമാകുന്നുണ്ട്. എന്നാല്‍ ഉറക്കത്തിനു നല്‍കാന്‍ കഴിയുന്നതിനും മേലെയാണ് ധ്യാനവും സമാധിയും നല്‍കുന്നത്.
കുറച്ചുനിമിഷങ്ങളിലെ നിര്‍വികല്‍പ സമാധിയെന്നാല്‍ ചിന്തകളില്ലാത്ത, ദൈവതഭാവമില്ലാത്ത അസ്തിത്വത്തിന്റെ മധു പ്രദാനം ചെയ്യുന്ന അവസ്ഥയാണ്. ജീവിതത്തിന്റെ ആനന്ദവും മധുരവും അതു പകരുന്നു. ആനന്ദം, മധു എന്നൊക്കെ കേള്‍ക്കുമ്പോള്‍ ‘ഓ, അതെനിക്കു വേണം. എങ്ങനെയാണതുലഭിക്കുക?’ എന്നാണ് ആദ്യം ചിന്തിക്കുക. മനസിന്റെ ഈ പ്രവണതക്കു കടിഞ്ഞാണ്‍ ഇടൂ.
ഇന്ദ്രിയവിഷയങ്ങളില്‍നിന്നും മനസിനെ പിന്‍വലിക്കുക. ഏകീകൃതമായ മനസിനെ ആത്മാവില്‍ കേന്ദ്രീകരിക്കുക. അങ്ങനെ ദിവ്യബോധത്തിലെത്തുമ്പോള്‍ നിങ്ങള്‍ നിര്‍ഭയരായിത്തീരുന്നു. ഈശ്വരീയ ജീവിതത്തിലുറച്ചു നില്‍ക്കുമ്പോള്‍ ആത്മാവ് ഇന്ദ്രിയങ്ങള്‍ക്കു വിഷയീഭവിക്കുന്നില്ല. അത് എല്ലാം അറിയുകയും, സാക്ഷിയായിരിക്കുകയും ചെയ്യുന്നു. എന്തോ കാണാനും കേള്‍ക്കാനും അറിയാനുമായി ഓടിപ്പായുന്ന മനസ്സിനെ തിരിച്ചുകൊണ്ടു വരികയാണ് വേണ്ടത്. അറിയേണ്ടതും കേള്‍ക്കേണ്ടതുമെന്ന് ആഗ്രഹിക്കുന്നതൊക്കെയും നിങ്ങളെക്കുറിച്ചുള്ള നല്ലതു മാത്രമാണ്. സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതും ഇതുപോലെയാണ്. ഗന്ധം, രുചി, സ്പര്‍ശം, കാഴ്ച, കേള്‍വി എല്ലാം നിങ്ങളെ മോഹിപ്പിക്കുന്നു. വലയ്ക്കുന്നു.
‘ഈ നിമിഷം എനിക്ക് ഒന്നിലും താല്‍പര്യമില്ല. ഒന്നും കാണാന്‍ ഞാനാഗ്രഹിക്കുന്നില്ല. കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. ഗന്ധമോ രുചിയോ സ്പര്‍ശമോ ഒന്നുമറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’. എന്നു തോന്നിത്തുടങ്ങുമ്പോള്‍ അറിയൂ നിങ്ങള്‍ ‘ഉണ്മ’യിലേക്കു തിരിച്ചുപോവുകയാണ്. എല്ലായിടവും അലഞ്ഞുതിരിയുന്ന മനസ്സിനെ പ്രഭവകേന്ദ്രത്തിലേക്കു കൊണ്ടുവരൂ. അതിന് നൈപുണ്യം ആവശ്യമാണ്. ഒരു പുതിയ ഭാഷ പഠിക്കുമ്പോലെ, കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അഭ്യസിക്കുന്നതുപോലെ, കാറോ വിമാനമോ ഓടിക്കാന്‍ പഠിക്കുന്നതുപോലെ മനസ്സിനെ മടക്കി കൊണ്ടുവരാനും പഠിക്കുക, പരിശീലിക്കുക. ആദ്യം ഇതു സ്വാഭാവികമായി സംഭവിക്കില്ല, ശ്രമിക്കേണ്ടി വരും. അതു പതിയെ പതിയെ സ്വാഭാവികമായി മാറും. ഇതാണ് സാധന.
ഭയം ഉപേക്ഷിക്കൂ, അറിയാന്‍ പാടില്ലാത്തവയെ നാം ഭയക്കുന്നു. ഒട്ടും അറിയാന്‍ പാടില്ലാത്തത് ‘നിങ്ങളെ’ തന്നെയാണ്. പലപ്പോഴും ‘എനിക്കെന്തു സംഭവിക്കും’ എന്നോര്‍ത്തു ഭയപ്പെടുന്നു. ‘ഈശ്വരീയത’ എന്ന ഘടകം തീര്‍ച്ചയായും നിങ്ങളിലെ ഭയം ദുരീകരിക്കും. ഈശ്വരചിന്തയില്ലാതെയും ധ്യാനിക്കാന്‍ കഴിയും.യാന്ത്രികമായിരുന്ന് ഒരു വിദ്യ പ്രാവര്‍ത്തികമാക്കുന്നപോലെ ധ്യാനിച്ചാലും മനസ്സ് ശാന്തമാകും. പക്ഷെ, ഭയം പൂര്‍ണ്ണമായും ഒഴിയുകയില്ല. മാത്രമല്ല, ധ്യാനത്തിന് ആഴം കുറഞ്ഞിരിക്കുകയും ചെയ്യും. ഈശ്വരചിന്തയോടെ ധ്യാനിക്കുമ്പോള്‍ അതിന്റെ ആഴവും സുഖവും ഏറും.
പ്രപഞ്ചത്തിന്റെ രഹസ്യം ദിവ്യമാണ്. ദിവ്യതയുടെ ഗര്‍ഭത്തില്‍ സൃഷ്ടിസംഭവിക്കുന്നു. ബോധം പവിത്രമാണ്. പ്രകൃതിയുടെ പരമോന്നത സ്ഥാനം അംഗീകരിക്കുകയാണ് ദിവ്യത്വം. അസ്തിത്വത്തിനോടുള്ള കൃതജ്ഞതയാണത്. ബുദ്ധിയുടെ അതിരുകളില്ലാത്ത അപാരതയുടെ അനന്തസാധ്യതയാണ് ദിവ്യത. അതിനെ നാം ആദരിക്കണം. ആദരവില്ലാതെ അസ്തിത്വത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു സഞ്ചരിക്കാന്‍ സാദ്ധ്യമല്ല.
സൂര്യകിരണങ്ങളേറ്റ് മൂടല്‍മഞ്ഞുരുകുന്നതുപോലെ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും രശ്മികളേറ്റ് അജ്ഞാനം അപ്രത്യക്ഷമാകുന്നു. ഉള്ളില്‍ നിന്നുമൊരു കൊള്ളിയാന്‍ പോലെ ഊര്‍ജ്ജം ഉറവപൊട്ടുന്നു. ചിന്തകളും കലപിലകളും ഒടുങ്ങി, മനസ്സ് മാഞ്ഞുപോകുന്നു. നിങ്ങള്‍ തുടിക്കുന്ന, തുളുമ്പുന്ന ഊര്‍ജ്ജം മാത്രമാകുന്നു. ഇതുതന്നെയാണ്, സൂര്യരശ്മികളേല്‍ക്കുമ്പോള്‍ മഞ്ഞുമറ നീങ്ങുന്നതുപോലെ ജ്ഞാനശലാകയേറ്റ് അജ്ഞാനം അപ്രത്യക്ഷമാകുന്നതും.
വൈകാരിക സുഖം പ്രദാനം ചെയ്യുന്നവയോടുള്ള ഇഷ്ടം ഒരു പ്രതിബദ്ധമാണ്. അവയെ വിത്തോടെ നശിപ്പിക്കുക. അദൈവതവും ആനന്ദവും നിറയുന്ന ബ്രഹ്മവിത്തിനെ സ്വീകരിക്കൂ. പലപ്പോഴായി സുഖം പകര്‍ന്നവര്‍ക്കു വേണ്ടി വീണ്ടും ആശിക്കുക വഴി എത്തിച്ചേരുന്നത് വേദനയിലായിരിക്കും. ഭൗതികതയുടെ ഒരു പ്രശ്‌നമാണിത്. സുഖം വാഗ്ദാനം ചെയ്യുന്ന ഇവ താല്‍ക്കാലിക സന്തോഷം പ്രദാനം ചെയ്യുന്നു. പിന്നെ വരുന്നത് ദുഃഖം മാത്രമാണ്. ഇവയില്‍ ഉടക്കികിടക്കണോ? ഉപേക്ഷിക്കണോ? സ്വന്തമാക്കിവയ്ക്കലും ഉപേക്ഷിക്കലും വേദനയാണ്. ഭൗതികതയിലും ഇന്ദ്രിയങ്ങളിലും അധികമായി ഒട്ടിച്ചേരുന്നതും മോഹം സൂക്ഷിക്കുന്നതും ‘ബന്ധന’മാണ്. എല്ലാത്തിനും ജീവിതംതന്നെ ഒരു പാഠമാണ്. എന്താണ് സ്വാതന്ത്ര്യം? വിരക്തി – മോഹങ്ങളുടെ തീവ്രതയില്ലാതെ ഇന്ദ്രിയവിഷയങ്ങളില്‍ നിന്ന് വിമുക്തമാകുന്ന അവസ്ഥ. അത് സ്വാതന്ത്ര്യം.
ഒരു കൊച്ചുകുട്ടിക്ക് ഐസ്‌ക്രീം, ചോക്ലേറ്റ്, മിഠായികള്‍ ഒക്കെ ജീവനുതുല്യം പ്രാധാന്യമുള്ളതാണ്. ആഗ്രഹിക്കുന്ന മിഠായി കിട്ടിയില്ലെങ്കില്‍ അലറിക്കരഞ്ഞും, നിലത്തുരുണ്ടും, തലചുമരിലിടിച്ചും അവര്‍ വാശി പിടിക്കും. എന്നാല്‍ മുതിര്‍ന്നുകഴിയുമ്പോള്‍ ഒരു നേരം ഭക്ഷണം കിട്ടിയില്ലെങ്കില്‍ പോലും വിഷമിക്കാറില്ല. ചിലപ്പോള്‍ കുറച്ചു ഭാരം കുറയാനിതു നല്ലതായിരിക്കും എന്നു കരുതി ആശ്വസിക്കുന്നു. എന്നാലൊരു കുട്ടി അതൊരു വലിയ വിഷമമായി എടുക്കുന്നു. ഇതു വിരക്തിയുടെ ഉദാഹരണമാണ്. മുതിര്‍ന്നയാള്‍ക്ക് അതിലൂടെ ലഭിക്കുന്ന സന്തോഷത്തെ അവഗണിക്കാന്‍ കഴിയുന്നു. നിങ്ങളെ ബന്ധനസ്ഥനാക്കുന്നത് വേദനകളല്ല. സന്തോഷങ്ങളാണ്. കേവലാനന്ദങ്ങളുടെ പിടിയില്‍ നിന്നുള്ള മോചനമാണ് സ്വാതന്ത്ര്യം.
സമ്പാഃ- അയ്യമ്പുഴ ഹരികുമാര്‍.